Sunday, 19 May 2013

കുമ്പസാരം


കിണറുകൾ എത്ര ഊറ്റിയിട്ടും
ദാഹത്തിനു ശമനമുണ്ടായില്ല
കാരണം
കിണറിന്റെ വക്കത്തു
അവനില്ലായിരുന്നു .

എന്റെ നെട്ടോട്ടങ്ങൾ
ഒരു സിക്കമൂറിലെങ്കിലും  മറ തേടിയിരുന്നെങ്കിൽ
എനിക്ക് അവനെ കാണാമായിരുന്നു
തിരിച്ചു നടക്കാമായിരുന്നു.

അന്വേഷണങ്ങൾ  അറിയാതെ
മറച്ചു പിടിച്ച അപ്പക്കഷണങ്ങൾ
അവന്റെ ആശീർവാദമേറ്റിരുന്നെങ്കിൽ
അനേകർക് അത്  അത്താഴം ആകുമായിരുന്നു.

എന്നിലെ അന്ധത
അവന്റെ കാലടികൾക്ക്
കാതു തുറന്നു ഇരുന്നെങ്കിൽ
വെളിച്ചക്കീറിനെ  സ്വന്തം ആക്കാമായിരുന്നു.

എനിക്ക് വേണ്ടി
ഒരു കരമെങ്കിലും ഉയർന്നിരുങ്കിൽ
എന്റെ ദുർഗന്ധങ്ങളുടെ  കല്ലറകളിലേക്ക്  അത്
അവനെ ആനയിക്കുമായിരുന്നു.

കുളം ഇളകുമ്പോൾ
അരികിലിരിക്കാൻ
അവനുണ്ടയിരുന്നെങ്കിൽ
ഞാനിത്ര നിരാശൻ  ആകുമായിരുന്നില്ല .

ഒരു വിരലെങ്കിലും
വിശ്വാസത്തോടെ
അവനെ തൊട്ടിരുന്നെങ്കിൽ .............
ഒരിക്കൽ എങ്കിലും
അരികു പറ്റി നിന്നിരുന്നെങ്കിൽ ...............

തിരിഞ്ഞു നോക്കുമ്പോൾ
തിരിച്ചറിയുന്നു
സമയത്തിന്റെ പൂർത്തിയിൽ
അവൻ കടന്നു വന്നിരുന്നു .
എങ്കിലും
എനിക്കത്  അല്പ്പം
നേരത്തെ ആക്കാമായിരുന്നു ....

No comments:

Post a Comment